Saturday, December 16, 2006

താരാട്ട്‌

താരാട്ട്‌

രാരിരം രാരിരോ രാരിരം രാരിരോ
രാരിരം രാരിരോ രാരിരാരോ
അമ്മുവുറങ്ങിയോ അമ്മുവെഴുന്നേറ്റോ
അമ്മു മാമുണ്ടുവോ പാല്‍കുടിച്ചോ?
വേറൊരു ചിന്തയുമില്ലിവിടാര്‍ക്കുമേ
വേറാരും വീട്ടിലില്ലാത്തപോലെ.
കാലത്തുണര്‍ന്നേറ്റാലപ്പോളെടുത്തിട്ടു
കാലിന്മേല്‍ നിര്‍ത്തി നടത്തുമച്ഛന്‍
കുപ്പായം മറ്റെടും പൗഡറും പൂശീടും
അല്‍പ്പമായുള്ള മുടിയും ചീകും.
വയ്യെങ്കിലും കൂടെ പന്തു കളിക്കുവാന്‍
തയ്യാറാണമ്മമ്മ മുത്തശ്ശനും.
അമ്മാവനാണെങ്കിലെപ്പോളും തോളത്തു
ചുമ്മീടുമുപ്പിന്റെ ചാക്കുപോലെ.
മറ്റുള്ളോരെന്തൊക്കെത്തന്നാലുമമ്മുവി-
ന്നിഷ്ടമൊന്നമ്മ കൊടുക്കും പാല്‌
എല്ലാര്‍ക്കുമിഷ്ടമാണമ്മുവെ, യമ്മുവി-
നെല്ലാറ്റിലുമിഷ്ടമച്ഛനമ്മ.

1 Comments:

Blogger പി. ശിവപ്രസാദ് said...

മാഷേ, കുട്ടിപ്പാട്ടുകള്‍ നന്നാവുന്നുണ്ട്‌. നമ്മുടെ കുട്ടികള്‍ക്ക്‌ ഇതൊക്കെ പകര്‍ത്തി രക്ഷാകര്‍ത്താക്കളോ അദ്ധ്യാപകരോ ചൊല്ലിക്കൊടുത്തിരുന്നെങ്കില്‍ നന്നയിരുന്നു.
ഞാന്‍ 'ഓണത്തുമ്പി' എന്ന ഒരു ബ്ലോഗ്‌ ഇതേ ലക്ഷ്യത്തില്‍ തുറന്നിട്ടുണ്ട്‌. കഴിയുമെങ്കില്‍ ഒരു ലിങ്ക്‌ കൊടുക്കാന്‍ ശ്രമിക്കുക. അവിടെ വരുന്നവര്‍ ഇവിടെയും, ഇവിടെ വരുന്നവര്‍ അവിടെയും വായിച്ചാല്‍ അത്‌ നല്ലതല്ലേ?

11:36 PM  

Post a Comment

<< Home